ഇരുപതോളം പേരാണ് സ്പീക്കറുടെ ഡയസിൽ കയറിയത്; തങ്ങൾ മാത്രം എങ്ങനെയാണ് പ്രതികളായതെന്ന് അറിയില്ലെന്ന് പ്രതികൾ

തിരുവനന്തപുരം: നിയമസഭയിൽ കൈയാങ്കളി നടത്തിയ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കേസിലെ പ്രതികൾ. ഇരുപതോളം പേരാണ് സ്പീക്കറുടെ ഡയസിൽ കയറിയതെന്നാണ് കേസിലെ പ്രതികൾ വ്യക്തമാക്കിയിരിക്കുന്നത്. തോമസ് ഐസക്ക്, വി എസ്. സുനിൽകുമാർ, പി. ശ്രീരാമകൃഷ്ണൻ എന്നിവർ ഉൾപ്പെടെ ഇരുപതോളം എംഎൽഎമാരാണ് ഡയസിൽ കയറിത്. എന്നാൽ സംഭവത്തിൽ തങ്ങൾ മാത്രം എങ്ങനെയാണ് പ്രതികളായതെന്ന് അറിയില്ലെന്നും പ്രതികൾ പറഞ്ഞു. വിടുതൽ ഹർജിയിൽ വാദം കേൾക്കവേയാണ് കേസിലെ പ്രതികൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നിയമസഭ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നീ ആറ് പ്രതികളാണ് വിടുതൽ ഹർജി നൽകിയിരുന്നത്.

അതൊരു അതിക്രമം ആയിരുന്നില്ലെന്നും വാച്ച് ആൻഡ് വാർഡായി വന്ന പോലീസുകാരാണ് അതിക്രമം കാണിച്ചതെന്നുമാണ് പ്രതികൾ പറയുന്നത്. അവർ സംഘർഷം ഉണ്ടാക്കിയപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. 21 മന്ത്രിമാർ ഉൾപ്പെടെ 140 എംഎൽഎമാരും നിയമസഭയിൽ ഉണ്ടായിരുന്നു. എന്നാൽ അവരാരും കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് സാക്ഷികളായില്ല. പകരം പോലീസുകാർ മാത്രമാണ് സാക്ഷികളായത്. അക്രമവുമായി ബന്ധപ്പെട്ട് ദൃശ്യമാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച ദൃശ്യങ്ങൾ യഥാർഥമല്ലെന്നും പ്രതികൾ വിശദമാക്കി. ഇലക്ടോണിക് പാനൽ നശിപ്പിച്ചു എന്നതാണ് മന്ത്രി വി. ശിവൻകുട്ടിക്ക് എതിരേ ചുമത്തിയിരുന്ന കുറ്റം. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ ഈ ഇലക്ട്രോണിക് പാനലിന് കേടുപാടില്ലെന്ന് കണ്ടെത്തിയെന്നും പിന്നെ എങ്ങനെയാണ് ശിവൻകുട്ടിക്ക് എതിരേ കേസ് ചാർജ് ചെയ്യുകയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം വിടുതൽ ഹർജിയെ സർക്കാർ അഭിഭാഷകൻ എതിർത്തു. നിയമപരമായി കുറ്റകരമാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികൾ നിയമസഭയിൽ അതിക്രമം കാണിച്ചതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം തെളിഞ്ഞതാണെന്നും. പ്രതികളുടെ പ്രവർത്തി നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്ത മാസം ഏഴിന് പ്രസ്താവിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.