സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും തലൈവിയാകാന്‍ റെഡി, രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാറെന്ന് കങ്കണ

മിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രം തലൈവി റീലീസിനെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന കങ്കണ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കാമെന്ന സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

ഞാന്‍ ഒരിക്കലും ഒരു ദേശീയവാദിയല്ല, ഞാന്‍ എന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത് രാഷ്ട്രീയക്കാരിയായുമല്ല, രാഷ്ട്രീയത്തിലേക്ക് ചുവടെടുത്തുവെക്കാന്‍ വലിയ ജനപിന്തുണ ആവശ്യമാണ്. തല്‍ക്കാലം നടി എന്ന രീതിയില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെ നാളെ ജനങ്ങള്‍ക്ക് എന്നെ വേണമെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ സന്തോഷമേയുള്ളൂ എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍.

ജയലളിതയുടെ ജീവിതത്തിലൂന്നിയ കഥയാണ് തലൈവി പറയുന്നതെന്നും, പുരുഷമേധാവിത്വ സമൂഹത്തിന്റെ മനോഭാവം മാറ്റാനുള്ള ശ്രമങ്ങളൊന്നും ഇതിലൂടെ നടത്തിയിട്ടില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. സിനിമ വിവാദങ്ങളിലൂടെ കടന്നുപോകാതിരുന്നതിന് സംവിധായകന്‍ കയ്യടി അര്‍ഹിക്കുന്നുവെന്നും തമിഴ്‌നാട്ടിലെ ഭരണകക്ഷിക്കുപോലും ഈ സിനിമയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കങ്കണ വ്യക്തമാക്കി.

എ.എല്‍ വിജയുടെ സംവിധാനത്തില്‍ ജയലളിതയുടെ വേഷപ്പകര്‍ച്ചയില്‍ കങ്കണയെത്തുന്ന ചിത്രമാണ് തലൈവി. ചിത്രം തീയേറ്ററുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. കങ്കണക്കൊപ്പം അരവിന്ദ് സ്വാമി, ഷംന കാസിം തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.