പക്ഷപാതപരമായി പെരുമാറുന്നു; താരിഖ് അൻവറിനെതിരെ ഗുരുതര ആരോപണങ്ങളുമായി എ, ഐ ഗ്രൂപ്പുകൾ

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ. പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് താരിഖ് അൻവറിനെതിരെ ഉയർന്ന പ്രധാന പരാതി. കേരളത്തിലെ ഡിസിസി പുനസംഘടനാ ചർച്ചകൾ താരിഖ് അൻവർ മോശമായാണ് കൈകാര്യം ചെയ്തതെന്ന ആരോപണവും ഉയരുന്നുണ്ട്. താരിഖ് അൻവറിനെതിരെയുള്ള പരാതി ഹൈക്കമാൻഡിനെ അറിയിക്കാനാണ് നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ വലിയ അഭിപ്രായ ഭിന്നതയാണ് ഉടലെടുത്തിരിക്കുന്നത്. ഡിസിസി പുനസംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരിഗണിച്ചില്ലെന്നും പരസ്യ നിലപാട് സ്വീകരിച്ച ചില നേതാക്കൾക്കെതിരെ മാത്രമാണ് നടപടി സ്വീകരിക്കുന്നതെന്നുമാണ് ഗ്രൂപ്പുകളുടെ ആരോപണം. കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഹൈക്കമാൻഡിന് മുന്നിൽ വെയ്ക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. സംഘടന തിരഞ്ഞെടുപ്പ് നിലവിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് ഗ്രൂപ്പുകൾ അഭിപ്രായപ്പെടുന്നത്.

ഉമ്മൻചാണ്ടിയെ അപമാനിച്ച രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഗ്രൂപ്പുകൾ ഉന്നയിക്കുന്നുണ്ട്. അച്ചടക്ക നടപടിയിൽ കെപിസിസി ഇരട്ടനീതി നടപ്പാക്കുന്നുവെന്നതിന്റെ തെളിവാണ് ഉണ്ണിത്താനെതിരെ നടപടി സ്വീകരിക്കാത്തതെന്നാണ് ഗ്രൂപ്പുകൾ ആരോപിക്കുന്നത്. എഐസിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ സംസാരിച്ച പി.എസ്.പ്രശാന്തിനെതിരെ നടപടി എടുത്തപ്പോൾ ഉണ്ണിത്താനെ താക്കീത് പോലും ചെയ്തില്ലെന്നും ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടുന്നു.