കോട്ടയം: ഡി സി സി അധ്യക്ഷന്‍മാരുടെ നിയമനം സംബന്ധിച്ചു നടക്കുന്ന കോണ്‍ഗ്രസിലെ തമ്മില്‍ത്തല്ലു തുടരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണത്തിനെതിരെ തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി കെപിസിസി പ്രസിഡന്റ് പരസ്യവെളിപ്പെടുത്തല്‍ നടത്തിയതില്‍ കടുത്ത അമര്‍ഷത്തിലാണ് നേതാവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രണ്ട് വട്ടം ചര്‍ച്ച നടത്തിയെന്ന് ചൂണ്ടിക്കാട്ടി, ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചവരുടെ പേരുകള്‍ കുറിച്ച ഡയറിയും ഉയര്‍ത്തിക്കാട്ടിയായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ താനുമായി ഒരിക്കല്‍ മാത്രമേ ഇക്കാര്യം സുധാകരന്‍ സംസാരിച്ചിരുന്നുള്ളു എന്നും, അന്ന് പ്രതിപക്ഷ നേതാവ് ഒപ്പമുണ്ടായിരുന്നു, അന്ന് നല്‍കിയ ലിസ്റ്റാണ് സുധാകരന്‍ പരസ്യമായി കാണിച്ചത്, കൂടുതല്‍ വിശദമായ ചര്‍ച്ച നടത്താന്‍ തനിക്ക് അവസരം ലഭിച്ചിരുന്നില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി നല്‍കിയ വിശദീകരണം. ഇത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകളില്‍ തന്റെ പരാതി ഉയര്‍ത്തുവാനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു.

