ഹൈക്കോടതി അനുമതിയില്ലാതെ സര്‍ക്കാര്‍ പിന്‍വലിച്ചത് എംപിമാരും എംഎല്‍എമാരും പ്രതികളായ 36 കേസുകള്‍; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

ന്യൂഡല്‍ഹി: എംപിമാരും എംഎല്‍എമാരും പ്രതികളായ 36 കേസുകള്‍ കേരളം പിന്‍വലിച്ചെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ സര്‍ക്കാര്‍ പിന്‍വലിച്ചത്. കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസാണ് സത്യവാങ്മൂലത്തിലൂടെ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ഇതുകൂടാതെ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 381 കേസുകളുടെ വിചാരണ വിവിധ കോടതികളില്‍ പുരോഗമിക്കുന്നുണ്ടെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു.

ഏറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിച്ചിട്ടുള്ളത് തിരുവനന്തപുരം ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നുമാണ്. ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ നിന്ന് 16 ക്രിമിനല്‍ കേസുകളും, ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍ നിന്ന് 10 കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്.

ഇതുകൂടാതെ തളിപ്പറമ്ബ് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് അഞ്ച് കേസുകളും, കണ്ണൂര്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഒരു കേസ്സും സര്‍ക്കാര്‍ പിന്‍വലിച്ചു.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത്തരത്തില്‍ പിന്‍വലിച്ച കേസുകളുടെ വിവരങ്ങളും സുപ്രീം കോടതി ചോദിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.