നിയമസഭാ കയ്യാങ്കളി കേസിലെ സാക്ഷിപ്പട്ടികയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ പോലുമില്ല

sivan kutty

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിലെ സാക്ഷിപ്പട്ടികയില്‍ ഒരു എംഎല്‍എ പോലുമില്ല. കോടതി മുന്‍പാകെയുള്ള 61 സാക്ഷികളില്‍ അന്നത്തെ ഒരു ഭരണകക്ഷി എം.എല്‍.എ പോലുമില്ലാത്തത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണിപ്പോള്‍.

നിയമസഭയിലെ ഏതാനും ഉദ്യോഗസ്ഥരും ചില വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളുമാണ് കേസിലെ സാക്ഷികള്‍. കേസ് നല്‍കിയ അന്നത്തെ നിയമസഭാ സെക്രട്ടറി പി.ഡി. ശാരംങ്ഗധരനാണ് ഒന്നാം സാക്ഷി. സാക്ഷികളായ ഉദ്യോഗസ്ഥരില്‍ ചിലരെല്ലാം വിരമിക്കുകയും ചെയ്തു.

അതേസമയം, ഭരണപക്ഷത്ത് യു.ഡി.എഫിന് 71 എം.എല്‍.എമാരാണ് അന്ന് ഉണ്ടായിരുന്നത്. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പിന്നീട് കേസിലിടപെട്ട് സുപ്രീംകോടതി വരെ പോയെങ്കിലും സാക്ഷിയല്ല. യു.ഡി.എഫ് രാഷ്ട്രീയായുധമാക്കിയതും, ഇത്രയേറെ വിവാദമുണ്ടാക്കിയതുമായ കേസില്‍ ഭരണപക്ഷത്തെ ഒരു എം.എല്‍.എയെപ്പോലും സാക്ഷിയാക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കേസില്‍ ആഗസ്റ്റ് 31ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ തുടര്‍വാദം നടക്കും. കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടിയടക്കമുള്ള കേസിലെ ആറ് പ്രതികളും നല്‍കിയ ഒഴിവാക്കല്‍ ഹര്‍ജിയാണ് 31ന് സി.ജെ.എം കോടതി പരിഗണിക്കുന്നത്.