ഉത്ര കേസ് അന്വേഷ ഉദ്യോഗസ്ഥനുള്‍പ്പടെ കേരളത്തിലെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ പോലീസ് മെഡല്‍

ന്യൂഡല്‍ഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍ കേരളത്തിലെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക്. ഉത്ര കേസ് അന്വേഷിച്ച എസ് പി ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്.

രാജ്യത്താകെ 152 ഉദ്യോഗസ്ഥര്‍ക്കാണ് പോലീസ് മെഡലുകള്‍ നല്‍കുന്നത്. ഇതില്‍ 28 വനിതാ പോലീസ് ഉദ്യോഗസ്ഥരും, അഞ്ച് എന്‍ ഐ എ ഉദ്യോഗസ്ഥരും 13 സി ബി ഐ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്. 11 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍ ലഭിച്ച മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ഉത്തര്‍പ്രദേശില്‍ നിന്ന് പത്തും കേരള, രാജസ്ഥാന്‍ പോലീസ് സേനകളില്‍ നിന്ന് ഒന്‍പത് ഉദ്യോഗസ്ഥരും മെഡലിന് അര്‍ഹരായിട്ടുണ്ട്.

കേരളത്തില്‍ നിന്നും എസ് പി ഹരിശങ്കറിനെ കൂടാതെ, മലപ്പുറം എസ് പി സുജിത്ത് ദാസ്, ഡിവൈ എസ് പി മാരായ എ അശോകന്‍, വി വി ബെന്നി, പി വിക്രമന്‍, ഇന്‍സ്‌പെക്ടര്‍മാരായ സിജു ബി കെ, അലവി സി, ഷിന്റോ പി കുര്യന്‍, കെ ജെ പീറ്റര്‍ എന്നിവരാണ് മെഡലിന് അര്‍ഹരായത്.