കള്ളില്‍ കഞ്ചാവ് ! കോതമംഗലം, തൊടുപുഴ റെയ്ഞ്ചുകളിലെ ഷാപ്പുകള്‍ക്കെതിരെ കേസ്

തൊടുപുഴ: എറണാകുളം, ഇടുക്കി ജില്ലകളിലെ ഷാപ്പുകളില്‍ കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തി. കോതമംഗലം, തൊടുപുഴ റെയ്ഞ്ചുകളിലെ 46 ഷാപ്പുകളില്‍ നടത്തിയ പരിശോധനയിലാണ് കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയിരിക്കുന്നത.

ഇതിനെ തുടര്‍ന്ന്, ഷാപ്പ് ലൈസന്‍സികളെ അടക്കം പ്രതിചേര്‍ത്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി എക്‌സൈസ് കേസെടുത്തിട്ടുണ്ട്.

തൊടുപുഴ റെയ്ഞ്ചിലെ 25 ഷാപ്പുകളിലും, കോതമംഗലം റെയ്ഞ്ചിലെ 21 ഷാപ്പുകളിലും നിന്ന് എക്‌സൈസ് കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കള്ളിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധനഫലത്തിലാണ് കള്ളില്‍ കഞ്ചാവിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, എക്‌സൈസ് നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഷാപ്പുടമകളുടെയും തൊഴിലാളികളുടെയും ആരോപണം. പാലക്കാട് നിന്ന് വരുന്ന കള്ളാണ് ഇവിടങ്ങളില്‍ വിതരണം ചെയ്യുന്നതെന്നും ഇതില്‍ വ്യാപകമായി കഞ്ചാവിന്റെ അംശം കണ്ടെത്തിയെന്ന എക്‌സൈസിന്റെ വാദം വിദേശമദ്യ വ്യവസായികള്‍ക്ക് ഒത്താശ ചെയ്യുവാനാണെന്നും ഷാപ്പുടമകള്‍ ആരോപിച്ചു.

മാത്രമല്ല, എക്‌സൈസിന്റെ സാമ്പിള്‍ ശേഖരണത്തില്‍ സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും, കേസില്‍ തൊഴിലാളികളെ കൂടി പ്രതി ചേര്‍ത്തത് പ്രതിഷേധാര്‍ഹമാണെന്നും ചെത്തു തൊഴിലാളി യൂണിയന്‍ നേതാവ് ജ്യോതികുമാര്‍ വ്യക്തമാക്കി.