പാര്‍ലമെന്റില്‍ അക്രമാസക്തരായ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ ശിക്ഷാനടപടി വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ ബഹളമുണ്ടാക്കി തടസ്സപ്പെടുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസിലെ 10 എംപിമാരെയും സിപിഎമ്മിന്റെ എ.എം. ആരിഫിനെയും സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുകള്‍ വലിച്ചെറിഞ്ഞും, പേപ്പറുകള്‍ കീറിയെറിഞ്ഞും അക്രമാസക്തമായി പെരുമാറിയെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എംപിമാരായ ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, ഗുര്‍ജീത് സിംഗ് ഓജ്ല(പഞ്ചാബ്), മാണിക്കം ടാഗോര്‍(തമിഴ്‌നാട്), ദീപക് ബെയ്ജ്( ഛത്തീസ്ഗഡ്), ഡീന്‍ കുര്യാക്കോസ്, ജോതിമണി(തമിഴ്‌നാട്), സിപിഎമ്മിന്റെ എ.എം. ആരിഫ് എന്നിവര്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ ശിക്ഷാനടപടികള്‍ ആവശ്യപ്പെടുന്നത്. ഈ മണ്‍സൂണ്‍ സെഷനില്‍ മുഴുവനായി ഇവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം.

പെഗസസ്, കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം പാര്‍ലമെന്റില്‍ മുദ്രാവാക്യം മുഴക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തത്. ബഹളം അവസാനിപ്പിച്ച് ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്ന് സ്പീക്കര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം വഴങ്ങിയിരുന്നില്ല.