തിരുവനന്തപുരം: ഒന്‍പത് കപ്പലുകള്‍ ക്രൂ ചെയ്ഞ്ചിനായി എത്തിയതോടെ വിഴിഞ്ഞത്ത് എഴുതിയത് പുതു ചരിത്രം. പ്രേം പ്രൈഡ്, എംഎസ്ഫ്രണ്ട് സിസിലി, ആഫ്രിക്കന്‍ ഹോക്ക്, ഗ്യാസ് ജെമിനി, സ്റ്റാര്‍ ആര്‍ടിമിസ്, ഫ്രണ്ട് സൈന്‍, എസ്ടിഐ പ്രസ്റ്റീജ്, എം.വി.മാരിഡക്കി, ചാംപ്യന്‍ പ്രഷര്‍ എന്നീ കപ്പലുകളാണ് രാവിലെ 6 മുതല്‍ മുതല്‍ 12 വരെയുള്ള സമയങ്ങളില്‍ ക്രൂ ചേഞ്ചിനായി വിഴിഞ്ഞത്ത് എത്തിയത്.
ഡോവിന്‍സ് റിസോഴ്‌സ് പ്രൈ ലിമിറ്റഡ്, അറ്റ്‌ലാന്റിക്, ജോര്‍ദാന്‍, ക്യാപിറ്റല്‍ ഹോള്‍ഡിങ്, വാള്‍ട്ടര്‍ കുമിങ് എന്നീ ഏജന്‍സികള്‍ മുഖാന്തിരമാണ് ഇത്രയധികം കപ്പലുകള്‍ ഒരു ദിവസം എത്തിയത്. ക്രൂ ചേഞ്ചിലൂടെ ഒറ്റ ദിവസത്തില്‍ സര്‍ക്കാരിനു 15 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
അതേസമയം, 2020ജൂലൈ 15 തുടങ്ങി ഒരു വര്‍ഷം കൊണ്ട് ഇതുവരെ 374 കപ്പലുകള്‍ ക്രൂ ചേഞ്ചിനായി തുറമുഖത്ത് അടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഒരു മൈനര്‍ പോര്‍ട്ടില്‍ ഇതാദ്യമായാണ് ഒരു വര്‍ഷത്തിനിടയില്‍ ഇത്രയേറെ കപ്പലുകള്‍ എത്തുന്നത്.
വലിയ പ്രതിസന്ധികളെ മറികടന്ന് കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് വിഴിഞ്ഞത്ത് ആദ്യമായി ക്രൂ ചേഞ്ച് നടന്നത്. തുടക്കത്തില്‍ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് അത് മറികടന്ന് ക്രൂ ചേഞ്ച് ആരംഭിച്ചത് സര്‍ക്കാരിന് വന്‍ നേട്ടങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

