കൽപ്പറ്റ: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എൻഡിഎയിൽ എത്തുന്നതിനായി സികെ ജാനുവിന് പണം നൽകിയെന്ന കേസിൽ സിപിഎം മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി. ശശീന്ദ്രന്റെ കൽപറ്റയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ജാനുവിൽ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം സി കെ ശശീന്ദ്രനിൽ നിന്നും ഭാര്യയിൽ നിന്നും ചോദിച്ചറിഞ്ഞതെന്നാണ് വിവരം.
നേരത്തെ കടം വാങ്ങിയ പണമാണ് ജാനു മടക്കി നൽകിയതെന്നും ഇടപാട് ബാങ്ക് മുഖേനയാണെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. 2019 ൽ വാഹനം വാങ്ങാനായി ജാനു തന്നോട് മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും അതിൽ തിരികെ നൽകാൻ ബാക്കിയുള്ള ഒന്നരലക്ഷം രൂപയാണ് മാർച്ച് മാസം സി കെ ജാനു നൽകിയതെന്നുമാണ് ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നത്.
എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പരാതി നൽകിയതിന് പിന്നാലെയാണ് കെ സുരേന്ദ്രനും സി കെ ജാനുവിനുമെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ പണം നൽകിയെന്നാരോപിച്ച് ജെആർപി നേതാവ് പ്ലസീത അഴീക്കോടാണ് രംഗത്തെത്തിയത്.