തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചവരുടെ പേരുകൾ ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് മരണപ്പെട്ട 135 പേരുടെ പേരുകളാണ് ആരോഗ്യവകുപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ മുതൽ നിർത്തിവെച്ച നടപടിയാണ് ആരോഗ്യ വകുപ്പ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. മരിച്ചവരുടെ പേരടക്കമുള്ള വിവരങ്ങൾ ജില്ലാതലത്തിലാണ് പ്രസിദ്ധീകരിക്കുന്നത്. കോവിഡ് മരണങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ചർച്ചയായതോടെയാണ് പേരും വിവരങ്ങളും നൽകുന്നത് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.
ഔദ്യോഗിക പട്ടികയിൽ നിന്ന് വിട്ടുപോയ കോവിഡ് മരണങ്ങൾ കണ്ടെത്താനുള്ള നടപടിയ്ക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച മരണ കണക്കുകളിൽ നിന്നും വിട്ടുപോയവ കണ്ടെത്താനാണ് നൽകിയിരിക്കുന്ന നിർദ്ദേശം. സർക്കാർ പട്ടികയിൽ ഉൾപ്പെട്ടിട്ടും താഴേത്തട്ടിൽ രജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളാണ് കണ്ടെത്തേണ്ടത്.