ഛണ്ഡിഗഡ്: പഞ്ചാബിൽ ആംആദ്മി പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് അരവിന്ദ് കെജ്രിവാൾ. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പഞ്ചാബിൽ വമ്പൻ വാഗ്ദാനങ്ങൾ നൽകിയാണ് അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയിരിക്കുന്നത്. 24 മണിക്കൂർ വൈദ്യുതി, ഓരോ കുടുംബത്തിനും 300 യൂണിറ്റ് സൗജന്യ വൈദ്യുതി, മുൻപുള്ള വൈദ്യുതി ബില്ലുകൾ എഴുതി തള്ളും എന്നിങ്ങനെ വലിയ പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
പഞ്ചാബിൽ അധികാരം പിടിച്ചെടുക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ തന്ത്രമാണിതെന്നാണ് കണക്കാക്കപ്പെടുന്നത്. പഞ്ചാബിൽ അധികാരത്തിൽ എത്തിയാലുടൻ വൈദ്യുതി ബിൽ കുടിശ്ശിക എഴുതിത്തള്ളാൻ നടപടിയെടുക്കുമെന്നും മുഴുവൻ സമയവും വൈദ്യുതിയെന്ന വാഗ്ദാനം മൂന്നു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നും അരവിന്ദ് കെജ്രിവാൾ പറയുന്നു.
ഡൽഹിയിൽ ആംആദ്മി പാർട്ടി നൽകി വാഗ്ദാനങ്ങളെല്ലാം പാലിച്ചെന്നും എല്ലാ വീടുകളിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി കിട്ടുന്നതോടെ പഞ്ചാബിലെ 77 80 ശതമാനം പേർക്കും വൈദ്യുതി ബിൽ അടയ്ക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലുടനീളം സഞ്ചരിച്ചപ്പോൾ, വൈദ്യുതി ചെലവിൽ ജനം അതൃപ്തരാണെന്നു മനസ്സിലായി. ചിലയിടത്ത് വീട്ടുചെലവിന്റെ 50 ശതമാനം വരെ വൈദ്യുതി ബിൽ അടയ്ക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

