ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച് 9 മാസം മുതൽ ഒരു വർഷം വരെ കഴിഞ്ഞവർക്ക് ഒരു ബൂസ്റ്റർ ഡോസ് കൂടി നൽകാനുള്ള സാധ്യത പരിഗണിച്ച് ആരോഗ്യ വിദഗ്ധർ. ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങളിൽ കോവിഡ് വാക്‌സിന്റെ മൂന്നാമതൊരു ഡോസ് കൂടി വേണ്ടി വന്നേക്കാമെന്നാണ് സൂചനകളാണ് ഗവേഷകർ മുന്നോട്ട് വെയ്ക്കുന്നത്. രണ്ട് ഡോസ് വാക്‌സീനുകളും എടുത്തവർക്ക് ഈ വർഷം തന്നെ ഒരു ബൂസ്റ്റർ ഡോസും അതിനുശേഷം ഓരോ വർഷവും ഓരോ ഡോസ് വാക്സിനും വേണ്ടി വന്നേക്കാമെന്ന് ഫൈസറും മൊഡേണയും നേരത്തെ തന്നെ അറിയിച്ചിരുന്നു.
രണ്ട് ഡോസ് വാക്‌സിൻ എടുത്ത ചില വോളണ്ടിയർമാർക്ക് മൂന്നാമതൊരു ഡോസ് കൂടി പരീക്ഷണത്തിന്റെ ഭാഗമായി നൽകാൻ ഭാരത് ബയോടെക്കിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുവാദം നൽകിയിട്ടുണ്ട്. ചില വ്യക്തികളിലെ പ്രതിരോധ പ്രതികരണം വർധിപ്പിക്കുന്നതിന് ബൂസ്റ്റർ ഡോസ് വേണ്ടിവന്നേക്കാമെന്ന് എസ്ആർഎം മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെന്ററിൽ കോവാക്‌സിൻ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. സത്യജിത്ത് മൊഹപാത്ര അഭിപ്രായപ്പെടുന്നത്.
അതേസമയം വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച ചില ആരോഗ്യ പ്രവർത്തകരിൽ കുറഞ്ഞ തോതിലുള്ള ആന്റിബോഡി പ്രതികരണമാണ് ഉണ്ടായതെന്ന് ലാൻസെററ്റിൽ പ്രസിദ്ധീകരിച്ച് പഠന റിപ്പോർട്ടിലും വിശദീകരിക്കുന്നുണ്ട്. പ്രായമായവർ പ്രത്യേകിച്ച് പുരുഷന്മാർ, അമിതവണ്ണമുള്ളവർ, സഹ രോഗാവസ്ഥകളുള്ളവർ തുടങ്ങിയവരിലാണ് ഇത്തരത്തിലുള്ള അവസ്ഥ കണ്ടെത്തിയത്. രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്ക് സംരക്ഷണം നൽകാൻ മൂന്നാമത്തെ ഡോസ് ആവശ്യമാണെന്ന് വൈറോളജിസ്റ്റ് ഡോ.ജേക്കബ് ജോൺ വ്യക്തമാക്കുന്നത്.
നിരന്തരം വൈറസുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ള ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും ബൂസ്റ്റർ ഡോസ് കൊടുക്കുന്നത് നല്ലതാണെന്നും മൂന്നാമത് ഡോസ് ആവശ്യമില്ലെന്നും ആരോഗ്യ വിദഗ്ധനായ കെ കൊളന്തയ് സ്വാമി വിശദീകരിച്ചു. മൂന്നാമതൊരു ഡോസ് വാക്‌സീൻ എന്ന നിർദ്ദേശം ശാസ്ത്രീയപഠനങ്ങളേക്കാൾ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണെന്ന വിമർശനവും ശക്തമാണ്. വാക്‌സിൻ നിർമാണ കമ്പനികൾ തന്നെയാണ് ഇത്തരം നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നതെന്നതാണ് ഇതിൽ സംശയമുണർത്തുന്നത്.

