വയനാട്: എൻഡിഎയിലേക്കെത്താൻ സി കെ ജാനുവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ എം എസ് എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി കെ നവാസിന്റെ മൊഴി എടുത്തു. സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് നവാസിന്റെ മൊഴി എടുത്തത്. കെ സുരേന്ദ്രൻ നൽകിയ പണം സി കെ ജാനു സി പി എമ്മിന് കൈമാറിയെന്നാണ് പി കെ നവാസ് പൊലീസിന് മൊഴി നൽകിയത്. നാലുലക്ഷത്തി അമ്പതിനായിരം രൂപ കൽപ്പറ്റയിലെ കേരള ബാങ്കിലെത്തി മുൻ എം എൽ എ സി കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് സി കെ ജാനു കൈമാറിയെന്നാണ് നവാസ് വെളിപ്പെടുത്തിയത്.
സി കെ ജാനുവിന് കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്നതാണ് കേസ്. ജെ ആർ പി ട്രഷറർ പ്രസീതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കെ സുരേന്ദ്രനും ജാനുവിനുമെതിരെ നവാസ് പരാതി നൽകിയത്.
എൻ ഡി എയിലേക്ക് എത്താൻ കെ സുരേന്ദ്രൻ സികെ ജാനുവിന് 10 ലക്ഷം രൂപ കൈമാറിയെന്നായിരുന്നു പ്രസീത ആരോപിച്ചിരുന്നത്. 10 കോടി രൂപയും പാർട്ടിയ്ക്ക് അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സികെ ജാനു ആവശ്യപ്പെട്ടത്. എന്നാൽ കോട്ടയത്ത് നടന്ന ചർച്ചയിൽ കെ സുരേന്ദ്രൻ ഇക്കാര്യങ്ങളൊന്നും അംഗീകരിച്ചില്ല. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ 10 ലക്ഷം രൂപ സികെ ജാനു ആവശ്യപ്പെട്ടെന്നും തിരുവനന്തപുരത്ത് വച്ച് കെ സുരേന്ദ്രൻ തുക കൈമാറിയെന്നും പ്രസീത പറഞ്ഞിരുന്നു.

