കേരളം കണ്ട ഏറ്റവും വലി മരംകൊള്ള; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ . മരംമുറി ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദ ഉത്തരവിന് പുറകിലെ ഗൂഢസംഘത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. എട്ട് ജില്ലകളിലായി കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണ് നടന്നിരിക്കുന്നതെന്നും സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

രണ്ട് വകുപ്പുകളും രണ്ടു വകുപ്പുമന്ത്രിമാരും യോഗം ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായുണ്ടായ ഉത്തരവ് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോയെന്നും നിയമവകുപ്പ് പരിശോധിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭയുടെയോ എൽ ഡി എഫിന്റെയോ അനുമതിയുണ്ടായിട്ടുണ്ടോ? സി.പി.എം, സി.പി.ഐ പാർട്ടി നേതൃത്വം അറിഞ്ഞിട്ടുണ്ടോ എന്നെല്ലാം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

1964 ലെയും 2005 ലെയും നിയമങ്ങൾ വളച്ചൊടിച്ചും പ്രധാന ഭാഗങ്ങൾ മറച്ചുവച്ചുമാണ് ഉത്തരവിറക്കിയിരിക്കുന്നത്. വനം മന്ത്രിയും റവന്യു മന്ത്രിയും കാര്യങ്ങൾ മറച്ചുവയ്ക്കുകയാണ്. കർഷകരെ സഹായിക്കുന്നതിനാവശ്യമായ രീതിയിൽ ഉത്തരവ് പുതുക്കുമെന്ന് പറയുന്നത് കാപട്യമാണ്. കർഷകരെ സഹായിക്കാൻ നിയമത്തിലും ചട്ടത്തിലുമാണ് ഭേദഗതി വരുത്തേണ്ടതെന്നും കർഷകരെ മുന്നിൽ നിർത്തി വനം മാഫിയയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വനം കൊള്ള നടന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് വനം വകുപ്പും റവന്യുവകുപ്പും ഒഴിഞ്ഞുമാറുകയാണ്. പട്ടയം നൽകുമ്പോഴുള്ള ഭൂമിയിലെ മരങ്ങൾ സർക്കാരിൽ നിക്ഷിപ്തമാണ്. അതിന്റെ കസ്റ്റോഡിയൻ റവന്യു വകുപ്പാണ്. വില്ലേജ് ഓഫീസിൽ മരത്തിന്റെ രജിസ്റ്റർ സൂക്ഷിക്കണം. മരം മുറിച്ചാൽ പരാതി കൊടുക്കേണ്ടത് തഹസീൽദാരോ, വില്ലേജ് ഓഫീസറോ ആണെന്നും അവർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് മനപൂർവ്വമായി കേസ് ദുർബലപ്പെടുത്താനാണ്.

വയനാട്ടിൽ മാത്രമാണ് കളക്ടർ ഇപ്പോൾ പരാതി നൽകിയത്. ഇതിന് മുമ്പ് മൂന്ന് തവണ ഇക്കാര്യത്തിൽ മരത്തിന്റെയും ഭൂമിയുടെയും നിജസ്ഥിതി മേപ്പാടി റേഞ്ച് ഓഫീസർ, ഡി.എഫ്.ഒയും റവന്യു അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അവർ മറുപടി പോലും നൽകിയില്ലെന്നും മറ്റ് ജില്ലകളിൽ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥരും ഇടത് രാഷ്ട്രീയ നേതാക്കളും ഒത്തുചേർന്ന് മരം വെട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.