മുട്ടിൽ മരംമുറി കേസ്; ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കാത്തത് ഉന്നത രാഷ്ട്രീയ നേതൃത്വം തുറന്നുകാട്ടപ്പെടുമെന്ന പേടികൊണ്ടെന്ന് വി മുരളീധരൻ

covid

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുട്ടിൽ മരം മുറിക്കേസിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാത്തത് ഉന്നത രാഷ്ട്രീയ നേതൃത്വം തുറന്ന് കാട്ടപ്പെടുമെന്ന പേടികൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി മാത്രമാണ് ഇതിന് ഉത്തരവാദിയെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മുരളീധരൻ ചോദിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തത് പേടികൊണ്ടാണെന്നും പറഞ്ഞു.

പരിസ്ഥിതി സ്നേഹികളായ ഇടതു നേതാക്കളെല്ലാം ഇപ്പോൾ മൗനത്തിലാണ്. കൽപറ്റ എം.എൽ.എ ആയ ശശീന്ദ്രൻ വലിയ പ്രകൃതി സ്നേഹിയാണ് എന്നാണ് പറയപ്പെടുന്നത്. എന്നാൽ സ്വന്തം ജില്ലയിൽ നടന്ന ഇത്രയും വലിയ മരംകൊള്ളയെ കുറിച്ച് അദ്ദേഹത്തിനും മിണ്ടാട്ടമില്ല. ആദിവാസികളോടും കർഷകരോടുമുള്ള ഇത്രയും വലിയ വഞ്ചനയെ കുറിച്ച് നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.