തിരുവനന്തപുരം: പരമാവധി വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൗകര്യം നൽകാൻ കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈൻ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
49,000 കുട്ടികൾക്ക് ഇത്തവണ ഡിജിറ്റൽ സൗകര്യം ഇല്ലെന്നാണ് പ്രാഥമിക പഠനം. ഡിജിറ്റൽ സൗകര്യമില്ലാത്തവർക്ക് എല്ലാവരുടെയും സഹായത്തോടെ സൗകര്യം ഏർപ്പെടുത്തും. പുതിയ വിദ്യാഭ്യാസ രീതി ആയതിനാൽ കുറവുകൾ ഉണ്ടാകാം. എന്നാൽ കുറവുകൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. ഈ വർഷം എത്ര വിദ്യാർത്ഥികൾക്ക് സൗകര്യം ഇല്ലെന്ന കണക്ക് സർക്കാർ എടുത്തോയെന്ന ചോദ്യത്തിനാണ് വി ശിവൻകുട്ടി മറുപടി നൽകിയത്. 2.6 ലക്ഷം കുട്ടികൾക്ക് കഴിഞ്ഞ വർഷം ഡിജിറ്റൽ സൗകര്യം ഇല്ലായിരുന്നു. സൗകര്യം ഇല്ലാത്തവർക്ക് കഴിഞ്ഞ വർഷം തന്നെ സൗകര്യം ഏർപ്പാടാക്കിയിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ക്ലാസ് ഉറപ്പാക്കാൻ ട്രയൽ ക്ലാസ് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
റോജി എം ജോണാണ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എം എൽ എമാരെ വിളിച്ച് കുട്ടികൾ ഫോൺ ആവശ്യപ്പെടുകയാണെന്നും എത്ര കുട്ടികൾക്ക് ഇങ്ങനെ വിളിക്കാൻ കഴിയുമെന്നും റോജി ചോദിച്ചു. ഒരു വർഷത്തെ ഓൺലൈൻ ക്ലാസിന്റെ ആഘാതം സർക്കാർ പഠിക്കേണ്ടിയിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത്. ഏഴ് ലക്ഷം കുട്ടികൾക്ക് ഓൺലൈൻ സൗകര്യം ഇല്ലെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണക്കെന്നും മന്ത്രി പറഞ്ഞ കണക്ക് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല വീടുകളിലും ഒരു മൊബൈൽ ഫോൺ മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

