ന്യൂഡൽഹി: ക്രമസമാധാനം ഉറപ്പാക്കൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ചുമതലയാണെന്ന് സുപ്രീം കോടതി. മണിപ്പൂരിലെ ക്രമാസമാധാനത്തിന്റെയും സുരക്ഷാ ഏജൻസികളുടെയും ചുമതല കോടതികൾക്ക് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിയിൽ നടക്കുന്ന വാദ പ്രതിവാദങ്ങൾ സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകാൻ കാരണമാകരുതെന്ന് കേസിലെ വിവിധ കക്ഷികളെ കോടതി ഓർമ്മിപ്പിക്കുകയും ചെയ്തു. സംസ്ഥാന ചീഫ് സെക്രട്ടറി മണിപ്പൂരിലെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. റിപ്പോർട്ടിന്റെ പകർപ്പ് കേസിലെ വിവിധ കക്ഷികൾക്ക് കൈമാറിയിട്ടുണ്ട്.
ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം സമാധാനം ഉറപ്പാക്കുന്നതിനുള്ള ക്രിയാത്മകമായ നിർദേശങ്ങൾ കൈമാറണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസിലെ കക്ഷികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സമാധാനം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, നാളെ ഹർജികൾ കോടതി വീണ്ടും പരിഗണിക്കും.

