സാധാരണക്കാരുടെ വന്ദേഭാരത് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: സാധാരണക്കാരുടെ വന്ദേഭാരത് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. വന്ദേ സാധാരൺ എന്നാണ് രാജ്യത്തെ പാവങ്ങൾക്കായുള്ള ഈ പുതിയ വന്ദേഭാരത് ട്രെയിനിന്റെ പേര്. സാധാരണ യാത്രക്കാർക്ക് സുഖകരവും താങ്ങാനാവുന്നതുമായ യാത്ര പ്രദാനം ചെയ്യുന്നതിനായി നോൺ എസി വന്ദേ സാധാരൺ ട്രെയിൻ ഉടൻ അവതരിപ്പിക്കുമെന്ന് ഇന്ത്യൻ റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

65 കോടി രൂപ ചെലവിലായിരിക്കും നോൺ എസി വന്ദേ സാധരൻ ട്രെയിനുകൾ നിർമ്മിക്കുക. ഈ വർഷാവസാനത്തോടെ ആദ്യ റേക്ക് പുറത്തിറക്കുമെന്നാണ് കണക്കാക്കുന്നത്. 24 കോച്ചുകളുള്ള വന്ദേ സാധാരൺ ട്രെയിൻ കൂടുതൽ വേഗം കൈവരിക്കാനായി പുഷ് പുൾ രീതിയിൽ മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിച്ചാകും സർവീസ് നടത്തുകയെന്നാണ് റിപ്പോർട്ട്.

ബയോ-വാക്വം ടോയ്ലറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, എല്ലാ സീറ്റിലും ചാർജിംഗ് പോയിന്റുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഈ ട്രെയിനിലുണ്ടാകും. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകളും ഉണ്ടാകും. ഓട്ടോമാറ്റിക് ഡോർ സംവിധാനമായിരിക്കും മറ്റൊരു സവിശേഷത.