അരിക്കൊമ്പൻ വിഷയം; പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. അരിക്കൊമ്പനെ തമിഴ്‌നാട്ടിലേക്ക് മാറ്റിയതിനെതിരെയും പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘർഷം അവസാനിപ്പിക്കാനും ഇടപെടൽ തേടിയുള്ള ഹർജിയാണ് തള്ളിയത്.

ആനത്താരയുമായി ബന്ധപ്പെട്ട മറ്റ് ഹർജികളിൽ കക്ഷി ചേരാൻ കോടതി നിർദ്ദേശം നൽകി. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, വി കെ ആനന്ദൻ തുടങ്ങിയവരായിരുന്നു ഹർജി നൽകിയത്. അഭിഭാഷകരായ പ്രിയങ്ക പ്രകാശ്, മൈത്രി ഹെഡ്‌ഹേ എന്നിവരാണ് ഹർജിക്കാർക്ക് വേണ്ടി വാദിച്ചത്.

അരിക്കൊമ്പനെ തമിഴ് നാട്ടിലേക്ക് പുനരധിവസിപ്പിച്ചത് പരാജയമായെന്നും ഇതുവഴി പണം നഷ്ടം മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു ഹർജിക്കാരുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. കേരള ഹൈക്കോടതിയെ സമീപിക്കാനായിരുന്നു കോടതി പറഞ്ഞത്. നിലവിൽ അരിക്കൊമ്പൻ തമിഴ്‌നാട്ടിലാണെന്നും അതിനാൽ തമിഴ്‌നാടിന് കക്ഷിയാക്കിയ സാഹചര്യത്തിലാണ് സുപ്രിം കോടതിയിൽ എത്തിയതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടിയെങ്കിലും ഹർജിയിൽ ഇടപെടാൻ കോടതി തയ്യാറായില്ല.