വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവർക്കെതിരെ ജാഗ്രത വേണം; മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി

ഭോപ്പാൽ: പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവർക്കെതിരെ ജാഗ്രത വേണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വന്തമായി ഒരു ഗ്യാരണ്ടിയും ഇല്ലാത്തവരാണ് ജനങ്ങളുടെ മുന്നിലേക്ക് പുതിയ പദ്ധതികളുമായി വരുന്നതെന്നും അദ്ദേഹം വിമർശിച്ചു. മധ്യപ്രദേശിൽ ഒരു ചടങ്ങിനിടെ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ നൽകുന്ന വ്യാജ വാഗ്ദാനങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കണം. പരസ്പരം പഴിചാരുന്നവരെല്ലാം ഒന്നിക്കുകയാണ്. അഴിമതി രഹിതഭരണം പോലും ഉറപ്പ് നൽകാൻ കഴിയാത്തവരാണ് ഇവരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, മധ്യപ്രദേശിൽ ആയുഷ്മാൻ ഭാരത് കാർഡുകൾ വിതരണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതാണ് ഈ കാർഡ്. പാവപ്പെട്ട കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ ബിജെപിയും മോദിയും ഉറപ്പു നൽകുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.