ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യം; പിന്തുണയുമായി എംഎസ്എഫ്

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ ആവശ്യത്തിന് പിന്തുണയുമായി എംഎസ്എഫ്. ന്യായമായ ആവശ്യമാണിതെന്നാണ് എംഎസ്എഫിന്റെ നിലപാട്. സംഘപരിവാറാണ് വിഷയം ചർച്ചയാക്കുന്നതെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ തൊഹാനി പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു തെഹാനിയുടെ പ്രതികരണം.

മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്തെങ്ങനെ പുറത്ത് പോയെന്ന് പരിശോധിക്കണമെന്ന ആവശ്യവും തെഹാനി മുന്നോട്ടുവെച്ചിട്ടുണ്ട്. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം മെഡിക്കൽ വിദ്യാർത്ഥികൾ കത്ത് നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസിനാണ് വിദ്യാർഥി കത്ത് നൽകിയിരിക്കുന്നത്.

വിവിധ ബാച്ചുകളിലെ വിദ്യാർഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത് ജൂൺ 26നാണ്. ഇതിന് പിന്നാലെ വിഷയം വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ലെന്നും മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിർബന്ധമാണെന്നും കത്തിൽ പറയുന്നു. ആശുപത്രിയുടെ ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്ന ആവശ്യമാണ് കത്തിൽ ഉന്നയിക്കുന്നത്.