ചെന്നൈ: ഏക സിവിൽ കോഡിനെതിരെ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വർഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്ന് അദ്ദേഹം വിമർശിച്ചു. പാട്‌നയിലെ പ്രതിപക്ഷയോഗം മോദിയെ പരിഭ്രാന്തനാക്കിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ല. ബിജെപിയെ ജനം പാഠം പഠിപ്പിക്കും. ഡിഎംകെ കുടുംബ പാർട്ടി തന്നെയാണ്. തമിഴ്‌നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.
ഏകസിവിൽ കോഡിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലിൽ നടന്ന പൊതുപരിപാടിയിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
പൊതുവ്യക്തിനിയമം നടപ്പാക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുള്ളതാണെന്നും എല്ലാവർക്കും തുല്യാവകാശം ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞിരുന്നു. പൊതുവ്യക്തിനിയമത്തെക്കുറിച്ച് രാജ്യത്തെ മുസ്ലിങ്ങളെ തെറ്റിധരിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നു. വോട്ടുബാങ്ക്രാഷ്ട്രീയം ലക്ഷ്യമിട്ട നീക്കങ്ങളാണിത്. പ്രീണനനയവും വോട്ടുബാങ്ക് രാഷ്ട്രീയവും പിന്തുടരില്ലെന്ന് ബിജെപി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

