സംസ്ഥാനത്ത് നന്ദിനിയുടെ പുതിയ ഔട്ട്‌ലെറ്റുകൾ ആരംഭിക്കില്ല; മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് നന്ദിനിയുടെ പുതിയ ഔട്ട്‌ലെറ്റുകൾ ആരംഭിക്കില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കേരളത്തിൽ നന്ദിനി വേണ്ടെന്നും മിൽമ മതിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നന്ദിനിയുടെ പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കില്ലെന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നന്ദിനിയുടെ തലപ്പത്ത് ബിജെപി ഭരണം പോയി കോൺഗ്രസ് വന്നതാണ് അനുകൂലമായത്. സഹകരണ തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്നും ജെ ചിഞ്ചുറാണി ആവശ്യപ്പെട്ടു.

കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷനാണ് നന്ദി പാൽ പുറത്തിറക്കുന്നത്. സംസ്ഥാനത്ത് നന്ദിനി പാൽ വിൽപ്പന സജീവമാക്കുന്നതിൽ പല ഭാഗത്ത് നിന്നും വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. കേരളത്തിൽ പാൽ ഉൽപാദനം കുറയുന്ന സമയങ്ങളിൽ പാൽക്ഷാമം ഉണ്ടാകാതിരിക്കാൻ മിൽമ നന്ദിനിയിൽനിന്നു 2 ലക്ഷം ലീറ്റർ വരെ പാൽ വാങ്ങാറുണ്ട്. എന്നാൽ നന്ദിനി നേരിട്ട് കേരളത്തിൽ പാൽ വിൽപന തുടങ്ങിയാൽ അത് മിൽമയുടെ വിൽപനയെ ബാധിക്കുമെന്നായിരുന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.