നിഖിൽ തോമസിനെ ഏഴ് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു; കേരള യൂണിവേഴ്സിറ്റിയിൽ എത്തിച്ച് തെളിവ് ശേഖരിക്കും

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് നിഖിലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. നിഖിൽ കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. നിഖിൽ തോമസിനെ കലിംഗ യൂണിവേഴ്‌സിറ്റിയിലും കേരള യൂണിവേഴ്സിറ്റിയിലും എത്തിച്ച് തെളിവ് ശേഖരിക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുള്ളത്.

ഒളിവിൽ കഴിഞ്ഞ സ്ഥലത്തും നിഖിലിനെ എത്തിച്ച് തെളിവുകൾ ശേഖരിക്കണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അതേസമയം, എസ്എഫ്ഐ മുൻ കായംകുളം ഏരിയ പ്രസിഡന്റ് അബിൻ സി രാജാണ് വ്യാജ ഡിഗ്രിയുടെ ബുദ്ധി കേന്ദ്രമെന്നാണ് നിഖിൽ മൊഴി നൽകിയത്. നിലവിൽ ഇയാൾ വിദേശത്ത് അധ്യാപകനായി ജോലി ചെയ്യുകയാണ്. 2020ൽ ഇയാൾക്കു 2 ലക്ഷം രൂപ കൈമാറിയെന്ന് നിഖിൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കെഎസ്ആർടിസി ബസ്സിൽ തനിച്ചാണ് മുഴുവൻ യാത്രകളും നടത്തിയത്. കയ്യിലെ പണം തീർന്നതിനാലാണ് കീഴടങ്ങിയത്. കൊട്ടാരക്കരയിലെത്തി സാഹചര്യം നോക്കി കായംകുളത്ത് എത്താനായിരുന്നു തീരുമാനമെന്നും നിഖിൽ പോലീസിനോട് സമ്മതിച്ചു.