യുഎസ് സന്ദർശനം; വിവിധ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

വാഷിങ്ടൻ: അമേരിക്കൻ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് സന്ദർശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച. യുഎസും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടിക്കാഴ്ച്ചയിൽ അദ്ദേഹം ചർച്ച ചെയ്്തു. ബോയിങ്, ആമസോൺ, ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികളുടെ സിഇഒമാർ കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി. വൈറ്റ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

രേവതി അദ്വൈതി (സിഇഒ, ഫ്‌ലക്‌സ്), സാം ആൾട്ട്മാൻ (സിഇഒ, ഓപ്പൺ എഐ), മാർക് ഡഗ്ലസ് (പ്രസിഡന്റ് ആൻഡ് സിഇഒ, എഫ്എംസി കോർപറേഷൻ), ലിസ സു (സിഇഒ എഎംഡി), വിൽ മാർഷൽ (സിഇഒ, പ്ലാനറ്റ് ലാബ്‌സ്), സത്യ നാദെല്ല (സിഇഒ, മൈക്രോസോഫ്റ്റ്), സുന്ദർ പിച്ചൈ (സിഇഒ, ഗൂഗിൾ), ഹേമന്ദ് തനേജ (സിഇഒ, ജനറൽ കാറ്റലിസ്റ്റ്), സുനിത വില്യംസ് (നാസ ബഹിരാകാശ യാത്രിക) തുടങ്ങിയവരാണ് കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തത്. ഇന്ത്യൻ വ്യവസായ പ്രമുഖരായ ആനന്ദ് മഹീന്ദ്ര, മുകേഷ് അംബാനി, നിഖിൽ കാമത്ത്, വൃന്ദ കപൂർ തുടങ്ങിയവരുമായും പ്രധാനമന്ത്രി ചർച്ച നടത്തി.

അതേസമയം, ഇന്ത്യൻ വ്യോമസേനയ്ക്കായി യുദ്ധവിമാന എൻജിനുകൾ നിർമിക്കാൻ അമേിക്കൻ കമ്പനിയുമായി ധാരണയായി. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച ധാരണയായത്. യു.എസിലെ പ്രമുഖ വിമാന എൻജിൻ നിർമാതാക്കളായ ജനറൽ ഇലക്ട്രിക്(ജിഇ)എയ്‌റോസ്‌പേസും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സുമായാണ് ധാരണയിലെത്തിയത്. ജി ഇ എയ്‌റോസ്‌പേസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.