പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യ അറസ്റ്റിൽ. പാലക്കാട് അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് നിന്നാണ് വിദ്യ പിടിയിലായത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിദ്യ ഒളിവിൽ പോയിരുന്നു 15 ദിവസങ്ങൾക്ക് ശേഷമാണ് വിദ്യയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞത്.
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിലെ പ്രതിയാണ് വിദ്യ. കരിന്തളം ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വർഷം വിദ്യ കരിന്തളം കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്. അതേസമയം, വിദ്യയുടെ ജാമ്യഹർജി ഈ മാസം 24 ന് ജാമ്യ ഹർജി കോടതി പരിഗണിക്കും.

