സെന്തിൽ ബാലാജിയ്ക്ക് താത്ക്കാലിക ആശ്വാസം; കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയ്ക്ക് താത്ക്കാലിക ആശ്വാസം. സെന്തിൽ ബാലാജിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. മന്ത്രിയുടെ ആരോഗ്യ നില സംബന്ധിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതി ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പൈടുവിച്ചത്. ചെന്നൈ ഓമന്തുരാർ ഗവൺമെന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് മന്ത്രി നിലവിൽ ചികിത്സയിലുള്ളത്.

ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് പ്രകാരം ആശുപത്രി മാറ്റം ആവശ്യപ്പെട്ട് മന്ത്രിയുടെ ഭാര്യ സമർപ്പിച്ച ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സെന്തിൽ ബാലാജിയുടെ ഹൃദയ ധമനികളിൽ രണ്ടിടത്ത് ബ്ലോക്കുണ്ടെന്നും അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നുമുള്ള ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.

സർക്കാർ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് വിശ്വാസ്യ യോഗ്യമല്ലെന്ന് ഇ ഡി വാദിച്ചെങ്കിലും കോടതി സെന്തിൽ ബാലാജിയ്ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രിയെ ഇഡിയ്ക്ക് താത്പര്യമുള്ള ഡോക്ടർമാരെക്കൊണ്ട് പരിശോധന നടത്താമെന്ന് കോടതി പറഞ്ഞു.