ആലപ്പുഴ: നേതാക്കൾക്കെതിരെ ഒളിയമ്പുമായി മന്ത്രി ജി സുധാകരൻ. പ്രായപരിധി പറഞ്ഞ് തന്നെ പാർട്ടിയിൽ അവഗണിക്കുന്നുവെന്ന സൂചന നൽകിയാണ് ജി സുധാകരന്റെ പരാമർശം. സ്ഥാനമാനങ്ങൾ അലങ്കരിക്കുന്നതിലെ പ്രായപരിധിയുള്ളൂവെന്നും പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ പ്രവർത്തിക്കാൻ പ്രായപരിധിയുണ്ടെന്ന് ആലപ്പുഴയിലെ ചിലർ ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹരിപ്പാട് നടന്ന സിബിസി വാര്യർ അനുസ്മരണ സമ്മേളനത്തിലായിരുന്നു ജി സുധാകരന്റെ പ്രതികരണം. ആലപ്പുഴയിലെ പ്രധാന സിപിഎം നേതാക്കളെല്ലാം ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ആലപ്പുഴ പോലെ ത്യാഗം ചെയ്ത മറ്റൊരു ജില്ലയില്ല. ആലപ്പുഴയുടെ ചരിത്രം ആർക്കും തിരശ്ശീല കൊണ്ട് മൂടിവെക്കാൻ കഴിയില്ല. സ്വന്തം കാര്യം നോക്കാതെ ജനങ്ങൾക്കും പ്രസ്ഥാനത്തിനും വേണ്ടി ഇറങ്ങി പുറപ്പെട്ടവരുടെ നാടാണിത്. ആ ചരിത്രത്തിന്റെ ദീപശിഖ ഓരോരോ കാലത്ത് ഉയർത്തിപ്പിടിച്ച് മുന്നേറുന്നവരാണ് നാം ഓരോരുത്തരും. സ്ഥാനം വെറുതെ കിട്ടുന്നതല്ല, പ്രവർത്തിക്കണം. പ്രവർത്തിക്കുമ്പോൾ സ്ഥാനം കിട്ടിയില്ലെങ്കിൽ ചോദ്യം ചെയ്യണമെന്നും സുധാകരൻ പറഞ്ഞു.
പ്രവർത്തിച്ച പലർക്കും സ്ഥാനം കിട്ടിയിട്ടില്ല എന്നത് യാഥാർഥ്യമാണ്. സ്ഥാനം വരികയും പോകുകയും ചെയ്യും. സ്ഥിരമായിട്ട് നിൽക്കുന്നതല്ല. പ്രായപരിധി പറഞ്ഞ് കമ്മിറ്റിയിൽ നിന്ന് മാറ്റാനേ കഴിയൂ. പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് എന്ത് പ്രായപരിധി. അതിന് പ്രായപരിധിയൊന്നുമില്ല. പ്രായപരിധിയുണ്ടെന്ന് ചിന്തിക്കുന്ന ചിലർ ആലപ്പുഴയിൽ കുറച്ചുപേരുണ്ട്. സൂക്ഷിച്ചാൽ കൊള്ളാം. മരിക്കുന്നതുവരെ പാർട്ടിയിൽ പ്രവർത്തിക്കാം. പക്ഷേ പ്രത്യേക സ്ഥാനങ്ങൾ അലങ്കരിക്കാനാണ് വയസ്സ് വെച്ചിട്ടുള്ളത്. എനിക്ക് ആ വയസ്സൊന്നും ആയിട്ടില്ലെന്നും താൻ അങ്ങോട്ട് എഴുതി കൊടുത്താണ് കമ്മിറ്റികളിൽ നിന്ന് ഒഴിവായതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

