തെളിവില്ല; ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി ഡൽഹി പോലീസ്

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ഡൽഹി പോലീസ്. തെളിവില്ലാത്തതിനാൽ പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജൂലായ് നാലിന് കോടതി വിഷയം പരിഗണിക്കും. ബ്രിജ്ഭൂഷണിന് എതിരായ മറ്റ് ലൈംഗികാതിക്രമ പരാതികളിലാണ് ഡൽഹി പോലീസ് റോസ് അവന്യൂ കോടതിയിലെത്തി കുറ്റപത്രം സമർപ്പിച്ചത്. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡൽഹി ജന്തർമന്തറിൽ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.

കഴിഞ്ഞ ഏപ്രിൽ 21 മുതലാണ് ഗുസ്തി താരങ്ങൾ എം.പി. കൂടിയായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിവരുന്നത്. നിരവധി ദേശീയ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികപീഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരു താരവും ഉൾപ്പെടും.