സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റി; വകുപ്പില്ലാ മന്ത്രിയാക്കുമെന്ന് സൂചന

ചെന്നൈ: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകളായ വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും പ്രൊഹിബിഷന്‍ ആന്റ് എക്‌സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കും കൈമാറി. എന്നാല്‍, ബാലാജിയെ പുറത്താക്കില്ലെന്നും വകുപ്പില്ല മന്ത്രി ആക്കാനാണ് സാധ്യതയെന്നുമാണ് വിവരം.

അതേസമയം, സെന്തില്‍ ബാലാജിക്കെതിരെ ബെനാമി സ്വത്തിന് തെളിവുണ്ടെന്ന് ഇഡിയുടെ കസ്റ്റഡി അപേക്ഷ പറയുന്നു. 25 കോടി വിലയുള്ള ഭൂമി ബന്ധുവിന്റെ പേരില്‍ സ്വന്തമാക്കിയെന്നും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് തെളിവുണ്ടെന്നും ഇഡി അവകാശപ്പെടുന്നു. 3.75 ഏക്കര്‍ ഭൂമിയുടെ ബെനാമി ഇടപാടാണ് നടന്നത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

എന്നാല്‍, ധൈര്യം ഉണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണമെന്ന് ബിജെപിയോട് എം.കെ സ്റ്റാലിന്‍ പറഞ്ഞു. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കില്‍ ദില്ലിയിലെ മുതിര്‍ന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.