ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നു. സംസ്ഥാനത്ത് മന്ത്രിയുടെ ഔദ്യോഗിക വസതി അക്രമികൾ തീവച്ച് നശിപ്പിച്ചു. സംസ്ഥാനത്തെ ഏക വനിതാമന്ത്രിയായ നെംച കിപ്ജെന്റെ വീടിനാണ് അക്രമികൾ തീവച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന് അക്രമികൾ തീവെച്ചപ്പോൾ മന്ത്രി വസതിയിലുണ്ടായിരുന്നില്ല. സുരക്ഷാ സേന സംഭവ സ്ഥലത്തെത്തി. അക്രമികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
കുക്കി വിഭാഗത്തിൽപെട്ട പത്ത് എം.എൽ.എമാരിൽ ഒരാളാണ് നെംചെ കിപ്ജെൻ. വ്യവസായ മന്ത്രിയാണ് ഇവർ. 24 മണിക്കൂറിനിടെ 11 പേരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. ഒരു സ്ത്രീ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയുണ്ടായ പ്രതിഷേധമാണ് സംഘർഷത്തിന് ഇടയാക്കിയത്.

