നീറ്റ് യു ജി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയത്തിളക്കത്തിൽ വിദ്യാർത്ഥികൾ

ന്യൂഡൽഹി: ബിരുദതല മെഡിക്കൽ/ അനുബന്ധ കോഴ്‌സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യു ജി (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ) 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു. https://neet.nta.nic.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷാഫലം അറിയാം. ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാർഥികൾക്ക് പരീക്ഷാഫലം പരിശോധിക്കാം.

രണ്ടു പേർ ഇത്തവണ ഒന്നാം റാങ്ക് നേടി. തമിഴ്‌നാട് സ്വദേശി എൻ. പ്രഭാഞ്ജൻ, ആന്ധ്രാ സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവരാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 720 മാർക്കാണ് ഇരുവരും നേടിയത്.

കൗസ്തവ് ബാവുരി മൂന്നാം റാങ്ക് സ്വന്തമാക്കി. തമിഴ്‌നാട് സ്വദേശിയാണ് കൗസ്തവ് ബാവുരി. കേരളത്തിൽ ഒന്നാമതെത്തിയത് ആർ.എസ്. ആര്യയാണ്. 23-ാം റാങ്കാണ് മലയാളിയായ ആര്യ സ്വന്തമാക്കിയത്. 711 മാർക്ക് ആര്യ നേടി.

ദേശീയതലത്തിൽ പെൺകുട്ടികളിൽ മൂന്നാം സ്ഥാനവും ആര്യയ്ക്കുണ്ട്. ദേശീയ മെഡിക്കൽ പ്രവേശന ഫലത്തിൽ ആദ്യ 50 റാങ്ക് നേടിയവരിൽ 40 പേരും ആൺകുട്ടികളാണ്. ആദ്യ 10 റാങ്ക് ജേതാക്കളിൽ 4 പേർ തമിഴ്‌നാട് സ്വദേശികളാണ്. 133450 മലയാളികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 75362 പേർ യോഗ്യത നേടി. ആദ്യ പത്ത് റാങ്കുകാരിൽ ഒൻപതും ആൺകുട്ടികളാണ്. മേയ് ഏഴിനും ജൂൺ ആറിനുമായിരുന്നു ഇത്തവണ നീറ്റ് പരീക്ഷ നടന്നത്.