ബിപോര്‍ജോയ്: ഗുജറാത്തില്‍ അതിജാഗ്രതാ നിര്‍ദ്ദേശം; 67 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി/അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതിനാല്‍ സംസ്ഥാനത്ത് അതിജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഗുജറാത്തിലെ തീരമേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. കച്ച് – ദ്വാരക പ്രദേശങ്ങളില്‍ നിന്ന് 12000-ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. തുറമുഖങ്ങള്‍ അടച്ചു. നൂറുകണക്കിന് ട്രക്കുകളാണ് കണ്ട്‌ല പോര്‍ട്ട് അടച്ചതിനെത്തുടര്‍ന്ന് ഗാന്ധിധാമില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം, മുംബൈയിലും കനത്തമഴയും കാറ്റും തുടരുകയാണ്. മോശം കാലാവസ്ഥ വിമാനഗതാഗതത്തെയും ബാധിച്ചു. മുംബൈ വിമാനത്താവളത്തിലെ 09/27 റണ്‍വേ താത്കാലികമായി അടച്ചു. നിരവധി വിമാനങ്ങള്‍ റദ്ദാക്കി. മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന പല വിമാനങ്ങളും വഴി തിരിച്ചുവിട്ടു. സംസ്ഥാന-കേന്ദ്ര സേനകള്‍ ജാഗ്രതപാലിക്കണമെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം ആവശ്യപ്പെട്ടു. ഏതു പ്രതികൂലസാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഗുജറാത്തില്‍ 67 തീവണ്ടിസര്‍വീസുകള്‍ പടിഞ്ഞാറന്‍ റെയില്‍വേ റദ്ദാക്കി. കേരളത്തിലൂടെയുള്ള 19577 തിരുനെല്‍വേലി -ജാംനഗര്‍ തീവണ്ടിയും ഇതില്‍പ്പെടും. റദ്ദാക്കിയതില്‍ ഭൂരിഭാഗവും പാസഞ്ചറുകളാണ്. ഗാന്ധിധാം, ഭുജ്, ഓഖ, വെരാവല്‍, അമ്രേലി, പോര്‍ബന്തര്‍ സ്റ്റേഷനുകളില്‍നിന്നുള്ളവയാണ് ഏറെയും. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് ദിശമാറി സൗരാഷ്ട്ര, കച്ച്, പാകിസ്താന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. 150 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഏഴിന് ‘ബിപോര്‍ജോയ്’ ആയി രൂപംപ്രാപിച്ചത്. ബംഗ്ലാദേശാണ് കാറ്റിന് പേരുനല്‍കിയത്. ബംഗളയില്‍ ബിപോര്‍ജോ എന്നാല്‍ വിനാശമെന്നാണ് അര്‍ഥം. ഈ വര്‍ഷം അറബിക്കടലില്‍ രൂപംകൊണ്ട ആദ്യ ചുഴലിക്കാറ്റാണിത്.