എല്ലാ വനിതകൾക്കും 1,500 രൂപ ധനസഹായം; നൂറ് യൂണിറ്റ് വരെ വൈദ്യുതി സൗജന്യം, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോൺഗ്രസ്

ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി കോൺഗ്രസ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് തുടക്കം കുറിച്ചു. ജബൽപുർ ജില്ലയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. 2023 നവംബർ മാസമാണ് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്.

മധ്യപ്രദേശിലെ എല്ലാ വനിതകൾക്കും 1,500 രൂപ ധനസഹായം, ഓരോ വീട്ടിലേക്കും 500 രൂപയ്ക്ക് ഒരു എൽപിജി സിലിണ്ടർ, നൂറ് യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായും 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്കും നൽകും, കർഷകരുടെ വായ്പകൾ എഴുതിത്തള്ളും, പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നുണ്ട്. പൊതുസമ്മേളനത്തിൽ ബിജെപിക്കെതിരെ പ്രിയങ്കാ ഗാന്ധി വിമർശനം ഉന്നയിക്കുകയും ചെയ്തു.

അവർ ഇവിടെ വന്ന് പ്രഖ്യാപനങ്ങൾ നടത്തും. എന്നാൽ നടപ്പാക്കുകയില്ല. അവർ ഡബിൾ എൻജിനെ കുറിച്ചും ട്രിപ്പിൾ എൻജിനെ കുറിച്ചും പറയും. അവർ ഇതേകാര്യം ഹിമാചൽ പ്രദേശിലും കർണാടകയിലും പറഞ്ഞു. എന്നാൽ ഡബിൾ എൻജിനെ കുറിച്ച് സംസാരിക്കുന്നത് നിർത്തിയിട്ട് പ്രവർത്തിച്ചു കാണിക്കാൻ ജനങ്ങൾ അവരോടു പറഞ്ഞുവെന്ന് പ്രിയങ്കാ ഗാന്ധി പരിഹസിച്ചു.

കോൺഗ്രസ് ഛത്തീസ്ഗഢിലും ഹിമാചൽ പ്രദേശിലും വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പാക്കി. മധ്യപ്രദേശിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തി. എന്നാൽ ബി.ജെ.പി. കുതിരക്കച്ചവടം നടത്തി സർക്കാരിനെ വീഴ്കത്തുകയും അവരുടെ സർക്കാർ രൂപവത്കരിക്കുകയും ചെയ്തു. ജനവിധിയെ പണത്തിന്റെ ശക്തികൊണ്ട് കശക്കി എറിഞ്ഞുവെന്നും പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി.