കേരളം ലോകോത്തരമാണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ രൂക്ഷമായി വിമര്‍ശിച്ച് വി. മുരളീധരന്‍

തിരുവനന്തപുരം: കേരളം ലോകോത്തരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൈംസ്‌ക്വയറില്‍ അവകാശപ്പെടുമ്പോള്‍ കേരളത്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ഒരു ജീവന്‍ നഷ്ടമായെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വിമര്‍ശിച്ചു. മുഴുപ്പിലങ്ങാടില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പതിനൊന്നു വയസ്സുകാരന്‍ നിഹാലിന്റെ മരണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മനുഷ്യര്‍ക്ക് പേടി കൂടാതെ വഴിനടക്കാനുള്ള അന്തരീക്ഷമെങ്കിലും കേരളത്തിലുണ്ടോ? തെരുവ് നായകളുടെ വര്‍ദ്ധനയ്ക്കെതിരെ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണം. തെരുവ് നായകളുടെ ആക്രമണത്തിലൂടെ ഇനിയൊരാള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സ്ഥിതിയുണ്ടാവരുത്’- മന്ത്രി പറഞ്ഞു.

അതേസമയം, മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുല്‍ റഹ്മയില്‍ നിഹാല്‍ നൗഷാദ് (11) ആണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരമുതല്‍ കുട്ടിയെ കാണാതായതിനെ. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 300 മീറ്റര്‍ അകലെയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ പിന്‍ഭാഗത്ത് രാത്രി എട്ടോടെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ശരീരം മുഴുവന്‍ തെരുവുനായ്ക്കള്‍ കടിച്ചുപറിച്ചിട്ടുണ്ട്. അരയ്ക്ക് താഴെ മുഴുവന്‍ മുറിവുകളുണ്ട്.