വിഴിഞ്ഞം-മാലെ ചരക്കുകപ്പല്‍ സര്‍വീസ് ഉടന്‍; റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിഴിഞ്ഞം-മാലെ ചരക്കുകപ്പല്‍ സര്‍വീസ് ആരംഭിക്കാനുളള നീക്കം സജീവമായി. വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര ഷിപ്പ് പോര്‍ട്ട് സുരക്ഷാ കോഡ് ലഭ്യമാക്കുന്നതിനോടനുബന്ധിച്ചുളള സര്‍വേ നടപടികള്‍ക്കായി ഡയറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗ് നിയോഗിച്ച ഉന്നതതല സര്‍വേ സംഘം പദ്ധതിപ്രദേശം സന്ദര്‍ശിച്ചതോടെയാണ് നീക്കം ആരംഭിച്ചത്. സുരക്ഷാ കോഡ് ലഭ്യമായാല്‍ വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചേഞ്ച് അടക്കമുളള ഷിപ്പിംഗ് അനുബന്ധ നടപടികളും ആരംഭിക്കും. സര്‍വീസ് സജീവമാക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖ ബേസിനിലെ ആഴം നിലവിലുള്ള രണ്ടര മീറ്ററില്‍ നിന്ന് ഒരു മീറ്റര്‍ കൂടി കൂട്ടും. കപ്പലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സീവേര്‍ഡ് വാര്‍ഫ് നീളവും കൂട്ടും.

അതേസമയം, വിഴിഞ്ഞം-മാലെ ചരക്ക് കപ്പല്‍ സര്‍വീസ് 6 മാസത്തിനകം പുനരാരംഭിക്കാനുളള നീക്കമാണ് മാരിടൈം ബോര്‍ഡ് നടത്തുന്നത്. ഐ.എസ്.പി.എസ് കോഡ് ലഭിക്കുന്നതിനുളള നടപടി 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയാണ് ബ്യൂറോ ഒഫ് ഇമിഗ്രേഷനെ ബോര്‍ഡ് സമീപിച്ചത്. സി.സി.ടി.വി കാമറകള്‍,അഗ്‌നിശമന സംവിധാനങ്ങള്‍,എമര്‍ജന്‍സി അലാറം സേവനം,ജനറേറ്ററുകള്‍, മെറ്രല്‍ ഡിക്ടറ്റര്‍,സ്‌കാനറുകള്‍,പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയവയാണ് പുതുതായി സ്ഥാപിച്ചത്.

സുരക്ഷാപ്രശ്നം കാരണം ഉപേക്ഷിച്ച പദ്ധതിയാണ് ഇപ്പോള്‍ 6 വര്‍ഷത്തിനു ശേഷം വീണ്ടും തുടങ്ങുന്നത്. തുറമുഖ നിര്‍മ്മാണം അവസാനഘട്ടത്തിലായതോടെ പദ്ധതി വരുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.