അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണം; പുതിയ നാല് നയ തീരുമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി

ന്യൂഡൽഹി: അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ ശാക്തീകരണത്തിനായുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. പുതിയ നാല് നയ തീരുമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സഹകരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പുതിയ നയ തീരുമാനങ്ങൾ അനുസരിച്ച് അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് ആർബിഐയുടെ മുൻകൂർ അനുമതിയില്ലാതെ ബ്രാഞ്ചുകൾ ആരംഭിക്കാം. ഇതിലൂടെ സഹകരണ ബാങ്കുകളെ വളർച്ചയെ ശക്തിപ്പെടുത്താനാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനും മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾക്ക് തുല്യമായി പരിഗണന നൽകുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ വ്യക്തമാക്കി.

അർബൻ കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് മറ്റ് കൊമേഷ്യൽ ബാങ്കുകളെ പോലെ വായ്പയെടുക്കുന്നവരുമായി ഒറ്റത്തവണ സെറ്റിൽമെന്റുകളിൽ ഏർപ്പെടാനുള്ള അവസരവുമുണ്ട്. ഇതിന് പുറമെ മുൻഗണനാ മേഖലയിലെ വായ്പാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സമയപരിധി 2026 മാർച്ച് 31 വരെ ദീർഘിപ്പിക്കുകയും ചെയ്തു. ആർബിഐയും അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളും തമ്മിലുള്ള ഏകോപനവും കേന്ദ്രീകൃതമായ ഇടപെടലും ഉറപ്പാക്കുന്നതിനുള്ള നടപടിയെന്ന നിലയിൽ, ഒരു നോഡൽ ഓഫീസറെയും ചുമതലപ്പെടുത്തി. അർബൻ ബാങ്കുകളുടെ പ്രവർത്തനം നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനാലാണ് ഈ മാറ്റം വരുത്തിയത്.