കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു; ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു. സെപ്തംബർ 1 മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് ആന്റണി രാജു വ്യക്തമാക്കി. ഡ്രൈവറെ കൂടാതെ മുൻ സീറ്റിൽ ഇരിക്കുന്ന ആളും സീറ്റ് ബൽറ്റ് ഇടണമെന്ന് അദ്ദേഹം വ്യക്തമാക്കി.

എഐ ക്യാമറ വഴി ജൂൺ 5 മുതൽ 8 വരെ 3,57,730 നിയമ ലംഘനം കണ്ടെത്തി. നിലവിൽ സംസ്ഥാനത്ത് 694 ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. കൊട്ടാരക്കര, നിലമേൽ ഭാഗത്ത് രണ്ട് ക്യാമറകൾ പുതുതായി പ്രവർത്തിക്കുന്നുണ്ട്. 80,743 കുറ്റ കൃത്യങ്ങളാണ് കെൽട്രോൺ പരിശോധിച്ച് തന്നത്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ 10457 പേർക്ക് നോട്ടീസ് അയച്ചുവെന്നും അദ്ദേഹം വിശദമാക്കി.

19,790 കുറ്റകൃത്യങ്ങൾ അപ്‌ലോഡ് ചെയ്തു. 6153 പേർ ഹെൽമറ്റ് ധരിച്ചില്ലെന്ന് കണ്ടെത്തി. മുൻ സീറ്റിൽ ഡ്രൈവരെ കൂടാതെ സീറ്റ് ബൽറ്റ് ധരിക്കാത്ത 7896 പേരെ കണ്ടെത്തി. 56 വിഐപി വാഹനങ്ങളാണ് നിയമലംഘനത്തിന് പിടിക്കപ്പെട്ടത്. അതിൽ 10 എണ്ണത്തിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. 12 പേർ സംസ്ഥാനത്ത് പ്രതിദിനം അപകടത്തിൽ റോഡിൽ മരിക്കുന്നുണ്ട്. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 28 പേരാണ് മരിച്ചത്. എന്നാൽ, പ്രതിദിന റോഡപകട മരണങ്ങൾ കുറഞ്ഞതായാണ് പുതിയ റിപ്പോർട്ട്. റോഡ് അപകട മരണനിരക്കിൽ ഗണ്യമായ കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

5 -ാം തീയതി 8 പേരും ജൂൺ 6 ന് 5 പേരും, 7 ന് 9 പേരും, 8-ാം തീയതി ആറു പേരുമാണ് റോഡപകടങ്ങളിൽ മരണപ്പെട്ടത്. സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിക്കാൻ കെൽട്രോണിനോട് ആവശ്യപ്പെട്ടു. വാഹനമിടിച്ച് നശിച്ച ക്യാമറകൾ പുനസ്ഥാപിക്കാൻ ഉന്നതാധികര കമ്മിറ്റിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.