മാനന്തവാടി: വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം. രണ്ടു പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. തിരുനെല്ലിയിലെ ചേലൂർ മണ്ണൂണ്ടി കോളനിയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. മണ്ണുണ്ടി കോളനിയിലെ മാധവനെയും രവിയേയുമാണ് പുലി ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ആടിനെ അഴിക്കാനായി പോയപ്പോഴാണ് പുലിയുടെ ആക്രമണമുണ്ടായതെന്ന് രവി വ്യക്തമാക്കി. മറ്റൊരു പുലിയുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ പുലിയാണ് ആക്രമണം നടത്തിയത്.
പരിക്കേറ്റ അവശനിലയിലായ പുലി ജനവാസമേഖലയിലേക്ക് കടക്കുകയും ആക്രമണം നടത്തുകയുമായിരുന്നു. പിന്നീട് ഈ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. പുലിയുടെ ആക്രമണത്തിൽ ഇരുവർക്കും ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. ഇവരെ മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
മേഖലയിൽ മുൻപും പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

