ആര്‍ഷോ പറഞ്ഞതെല്ലാം ശരി; എന്‍ഐസിയുടെ ഭാഗത്തു നിന്നാണ് പിഴവുണ്ടായതെന്നും കോളേജ് പ്രിന്‍സിപ്പല്‍

കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. എം ആര്‍ഷോയുടെ വാദങ്ങളെല്ലാം ശരിയാണെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ് ജോയി പറഞ്ഞു.

‘ആര്‍ഷോ പരീക്ഷക്ക് ഫീസടക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. എന്‍.ഐ.സി വെബ്‌സൈറ്റിനാണ് പിഴവുണ്ടായത്. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആര്‍ഷോ കുറ്റക്കാരനല്ല. എന്‍.ഐ.സി വെബ്‌സൈറ്റുമായി നിരവധി പരാതികളാണ് ഉണ്ടാകുന്നതെന്നും ഇക്കാര്യം എന്‍.ഐ.സിയെ അറിയിച്ചിട്ടുണ്ട്. നാലാം സെമസ്റ്ററിലാണ് ആര്‍ഷോ പുനഃപ്രവേശനം നേടിയത്. മൂന്നാം സെമസ്റ്ററിലാണ് പുനഃപ്രവേശനം നേടിയതെന്ന വാര്‍ത്ത തെറ്റാണ്. അതിന്റെ രേഖ സഹിതമാണ് നേരത്തെ സംസാരിച്ചത്. എന്‍ ഐ സി വെബ്‌സൈറ്റില്‍ പറയുന്നത് മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തു എന്നതാണ്. എന്നാല്‍, കുട്ടികള്‍ വന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധിച്ചത്. അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കായി ആര്‍ഷോ ഫീസ് അടച്ചതായി കാണുന്നില്ല. എന്‍ ഐ സിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് ഇതിന്റെ പിന്നില്‍’- അദ്ദേഹം വ്യക്തമാക്കി.