കോട്ടയം: അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥി സമരത്തിനെതിരെ വിമർശനവുമായി കാഞ്ഞിരപ്പള്ളി രൂപത. വിദ്യാർത്ഥി സമരത്തിന് പിന്നിൽ തത്പര കക്ഷികളുടെ അജണ്ടയാണെന്നാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ വിമർശനം. ചില തത്പര കക്ഷികൾ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നുവെന്ന് വികാരി ജനറൽ ആരോപിച്ചു. ക്രിസ്ത്യൻ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണത അടുത്തകാലത്ത് കണ്ടുവരുന്നത് സങ്കടകരമാണെന്നും വികാരി ജനറൽ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ വ്യക്തമാക്കി.
അന്വേഷണ ഏജൻസികൾ ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സത്യം പുറത്തു കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലാബിൽ ഫോൺ ഉപയോഗിച്ചതിനാലാണ് ശ്രദ്ധയുടെ ഫോൺ പിടിച്ചു വച്ചത്. ഇക്കാര്യം കുട്ടിയുടെ വീട്ടിൽ അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റിന് വീഴ്ച സംഭവിച്ചിട്ടില്ല. 16 തിയറി പേപ്പറുകളിൽ 13 എണ്ണത്തിലും ശ്രദ്ധ തോറ്റിരുന്നു. സംഭവ ദിവസം സന്ധ്യയ്ക്ക് കുട്ടിയുടെ അമ്മ ഫോണിൽ വിളിച്ചിട്ടും സംസാരിക്കാൻ ശ്രദ്ധ തയാറായിരുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

