നഗരാരോഗ്യ കേന്ദ്രത്തിന് സൗജന്യ സ്ഥലം വിട്ടുനല്‍കി പാണക്കാട് തങ്ങള്‍ കുടുംബം

മലപ്പുറം: നഗരാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മിക്കാന്‍ സൗജന്യ സ്ഥലം വിട്ടുനല്‍കി പാണക്കാട് തങ്ങള്‍ കുടുംബം. കുടുംബസ്വത്തില്‍ നിന്നാണ് മലപ്പുറം-പരപ്പനങ്ങാടി പാതയോരത്ത് ഭൂമിക്ക് ഉയര്‍ന്ന വിലയുള്ള ഭൂമി സൗജന്യമായി മലപ്പുറം നഗരസഭയ്ക്ക് പാണക്കാട് കുടുംബം വിട്ടുനല്‍കിയത്.

അതേസമയം, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ രജിസ്റ്റര്‍ ചെയ്ത ആധാരം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരിക്ക് കൈമാറി. മലപ്പുറത്തിന്റെയും സമീപ പ്രദേശങ്ങളിലെയും പൊതുസേവന സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പാരമ്പര്യമായി തന്നെ ഇത്തരം സ്ഥലസൗകര്യങ്ങള്‍ ഉള്‍പ്പെടെ നല്‍കാന്‍ കഴിഞ്ഞതില്‍ പാണക്കാട് കുടുംബത്തിന് എന്നും സന്തോഷം മാത്രമാണുള്ളതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

പാണക്കാട് തങ്ങള്‍ കുടുംബം പുരാതനകാലം മുതല്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സ്വന്തം നിലക്കും അല്ലാതെയും സമാധാനം പകര്‍ന്ന മഹത്തായ പാരമ്പര്യത്തിന്റെ അവകാശികളാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.