ശരീരത്തെ രോഗങ്ങളിൽ നിന്നും അകറ്റി നിർത്താൻ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് രോഗപ്രതിരോധ ശേഷി. ദുർബലമായ പ്രതിരോധശേഷിയുള്ള ഒരു വ്യക്തിക്ക് ചുറ്റുമുള്ള മറ്റ് ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്. ആരോഗ്യമുള്ള ശരീരത്തിന് രോഗപ്രതിരോധശേഷി വളരെ ആവശ്യമാണ്. രോഗവ്യാപനം തടയാനുള്ള പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണ് പ്രതിരോധ ശേഷി കൈവരിക്കുക എന്നത്. ആരോഗ്യഗുണമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയും ആരോഗ്യപരമായ ജീവിത ശൈലി നിലനിർത്തുന്നതിലൂടെയും പ്രതിരോധ ശേഷി വർധിപ്പിക്കാം. രോഗപ്രതിരോധശേഷി ഉയർത്താൻ വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കേണ്ടത് പ്രധാനമാണ്. ഇതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കും. വെളുത്തുള്ളി കഴിക്കുന്നതും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ജലദോഷം, പനി എന്നിവയ്‌ക്കെതിരെ പോരാടാനും ഇത് നല്ലതാണ്.
മഞ്ഞളിലെ കുർക്കുമിന് ആന്റി-ഇൻഫ്‌ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇത് ഒരു ആന്റി വൈറൽ ഏജന്റ് കൂടിയാണ്. അതിനാൽ മഞ്ഞൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളെ ചെറുക്കുകയും ചെയ്യും. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് രോഗപ്രതിരോധ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കും. അതിനാൽ തൈര് കഴിക്കുന്നത് ഗുണപ്രദമാണ്.
സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങൾ ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമാണ്. ബെറി പഴങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

