കൊച്ചി: ജൂൺ ഒന്ന് മുതൽ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന കൊച്ചി കോർപ്പറേഷന്റെ തീരുമാനം പൂർണമായി പാലിക്കാൻ കഴിഞ്ഞില്ലെന്ന് മന്ത്രി പി രാജീവ്. പ്രതിസന്ധികൾ ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു വർഷത്തിനുള്ളിൽ ബിപിസിഎൽ പ്ലാന്റ് സ്ഥാപിക്കം. സർക്കാരിന്റെ വിശദ റിപ്പോർട്ട് ബിപിസിഎല്ലിന് കൈമാറിയെന്നും വ്യവസായ മന്ത്രി കൂട്ടിച്ചേർത്തു. കോടതി നിർദേശം മറികടന്ന് രണ്ട് ദിവസം മുൻപാണ് ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോർപ്പറേഷന്റെ മാലിന്യ നീക്കം ഉണ്ടായത്.
3 വണ്ടികളാണ് ഫോർട്ട് കൊച്ചിയിൽ നിന്ന് വീണ്ടും ബ്രഹ്മപുരത്തേക്ക് മാലിന്യം നിക്ഷേപിക്കാനെത്തിയത്. സംഭവം വിവാദമായതോടെ മേയർ ഇടപെട്ട് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നത് നിർത്തിവെച്ചു. അതേസമയം, എറണാകുളം ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി തുടരുന്നു. ജില്ലയിൽ വ്യാഴാഴ്ച 3 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ ഏലൂർ, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനുകളിലാണ് 3 കേസുകളും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

