ക്ഷേമപെൻഷൻ വിതരണം; 950 കോടിരൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണത്തിനായി 950 കോടിരൂപ ധനവകുപ്പ് അനുവദിച്ചു. ജൂൺ എട്ടു മുതൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. സംസ്ഥാനത്ത് ഇനി രണ്ടുമാസത്തെ പെൻഷൻ കൂടി വിതരണം ചെയ്യാനുണ്ട്.

1600 രൂപയാണ് ക്ഷേമ പെൻഷനായി നൽകുന്നത്. ഇതിൽ നേരത്തെ കുടിശികയുണ്ടായിരുന്ന രണ്ടുമാസത്തെ പെൻഷനായ 3200 രൂപ ഏപ്രിലിൽ നൽകിയിരുന്നു. അന്ന് സർക്കാർ അനുവദിച്ചത് 1871 കോടി രൂപയാണ്.

അതേസമയം, കേരളത്തോട് അനീതി കാണിക്കുന്ന കേന്ദ്രസാമ്പത്തിക നയം തിരുത്തണമെന്നാവശ്യപ്പെട്ട് വി ശിവദാസൻ എംപി ധനകാര്യ മന്ത്രി നിർമല സീതാരാമന് കത്തെഴുതി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി വെട്ടിക്കുറച്ചത് സാധാരണക്കാരുടെ ക്ഷേമത്തിന് അങ്ങേയറ്റം വിനാശകരമായ നീക്കമാണെന്ന് കത്തിൽ വ്യക്തമാക്കുന്നു.