കണ്ണൂർ: കണ്ണൂരിലെ ട്രെയിൻ തീവയ്പ് കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പുഷൻജിത് സിദ്ഗറിന്റെ പശ്ചാത്തലം പരിശോധിക്കുന്നതിനായി അന്വേഷണ സംഘം കൊൽക്കത്തയിലെത്തി. കണ്ണൂർ സിറ്റി പൊലീസ് സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊൽക്കത്തയിലെത്തിയത്. കൊൽക്കത്ത സ്വദേശിയാണ് പുഷൻജിത്.
പുഷൻജിത് സിദ്ഗറിന്റെ മൊഴിയിലെ കാര്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് അന്വേഷണ സംഘം കൊൽക്കത്തയിലെത്തിയതെന്നാണ് വിവരം. അന്വേഷണം സംബന്ധിച്ചുള്ള കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കണ്ണൂരിൽ കത്തിച്ച എക്‌സിക്യുട്ടിവ് എക്‌സ്പ്രസ് ട്രെയിനിന്റെ ജനറൽ കോച്ചിൽ നിന്നു ലഭിച്ച കുപ്പിയിൽ നിന്നടക്കം പുഷൻജിത് സിദ്ഗറിന്റെ വിരലടയാളം പൊലീസിന് ലഭിച്ചിരുന്നു. ബിപിസിഎൽ ഗോഡൗണിലെ ജീവനക്കാരന്റെ മൊഴിയും സിസിടിവി ദ്യശ്യങ്ങളുമാണ് അന്വേഷണം പുഷൻജിത്തിലേക്ക് എത്താൻ കാരണം.
ഭിക്ഷാടകനാണ് താനെന്നാണ് ഇയാൾ പോലീസിനോട് വ്യക്തമാക്കിയത്. ട്രെയിനിൽ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിന്റെ വിരടയാളവുമായി സാമ്യം കണ്ടെത്തിയിരുന്നു.

