ജൂലൈയില്‍ വിക്ഷേപിക്കാനിരിക്കുന്ന ഇന്ത്യയുടെ ബഹിരാകാശ പേടകമായ ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണത്തെ ഐഎസ്ആര്‍ഒ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് യു ആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എം ശങ്കരന്‍ പറഞ്ഞു. ‘ദൗത്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് സാധ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ചന്ദ്രയാന്‍ 2 വിക്ഷേപിച്ച അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും വിക്ഷേപണം. ഐഎസ്ആര്‍ഒ ആവേശത്തോടെ വിക്ഷേപണം കാത്തിരിക്കുകയാണ്’- അദ്ദേഹം വ്യക്തമാക്കി.
‘ചന്ദ്രയാന്‍-3 ശ്രീഹരിക്കോട്ടയില്‍ എത്തിയതോടെ ഐഎസ്ആര്‍ഒ അവസാന ഘട്ട തയ്യാറെടുപ്പുകളുടെ തിരക്കിലാണ്. അടുത്ത മാസം നടക്കുന്ന വിക്ഷേപണത്തിന് മുന്‍പ് ചന്ദ്രയാന്‍-2 ദൗത്യത്തില്‍ സംഭവിച്ച പാളിച്ചകള്‍ ഒരിക്കല്‍ കൂടി വിശകലനം ചെയ്യും. ചന്ദ്രയാന്‍-3 ലോഞ്ച് പോര്‍ട്ടില്‍ എത്തിക്കഴിഞ്ഞു. ശ്രീഹരിക്കോട്ടയില്‍ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടവന്നുവരികയാണ്. ജൂലൈയില്‍ വിക്ഷേപണം നടത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഞങ്ങള്‍. ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എല്‍വി-എംകെ3 അല്ലെങ്കില്‍ എല്‍വിഎം ആണ് ചന്ദ്രയാന്‍-3 യെ ബഹിരാകാശത്തേക്ക് വഹിച്ച് പറക്കുന്നത്. പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു തദ്ദേശീയ ലാന്‍ഡര്‍ മൊഡ്യൂളും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും റോവറും ഈ ദൗത്യത്തിലുണ്ടാകും. ഗഗന്‍യാന്‍ ചന്ദ്രയാന്‍ -3 വിക്ഷേപണത്തിന് ശേഷം ഐഎസ്ആര്‍ഒ പ്രധാനമായും ശ്രദ്ധാ കേന്ദ്രീകരിക്കുക മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രാ പദ്ധതി ഗഗന്‍യാനില്‍ ആയിരിക്കും. ഐഎസ്ആര്‍ഒ ഈ ദൗത്യത്തിനായി അരയും തലയും മുറുക്കി പ്രവര്‍ത്തിച്ചു വരികയാണ്. ഗഗന്‍യാന്‍ വളരെ വലിയൊരു ദൗത്യം ആണ്. പൊതുജനങ്ങള്‍ ഇതുവരെ കാണാത്തതും അറിയാത്തതുമായ പല സംഭവവികാസങ്ങളും ഗഗന്‍യാനുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. അതുകൊണ്ടാണ് പലരും ഇതേക്കുറിച്ച് ഇടക്കിടെ ചോദിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഒരുപാട് ജോലികള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം ഗഗന്‍യാനുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങളോട് എന്തെങ്കിലും വാര്‍ത്ത പങ്കു വെയ്ക്കാന്‍ സാധിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’- ശങ്കരന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, 2019 ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍-2 ന്റെ പിന്തുടര്‍ച്ചയാണ് പുതിയ ദൗത്യം. ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി അന്ന് വിക്ഷേപിച്ചെങ്കിലും ലാന്‍ഡിംഗിന് മിനിറ്റുകള്‍ക്ക് മുമ്പ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ തകര്‍ന്നതിനെത്തുടര്‍ന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു.

