രാജ്യത്തെ മുസ്ലീം സമൂഹം സുരക്ഷിതർ; ഇസ്ലാം മതത്തിന് ഇന്ത്യയെക്കാൾ സുരക്ഷിതമായ സ്ഥലം വേറെ എവിടെയുണ്ടെന്ന് മോഹൻ ഭാഗവത്

ന്യൂഡൽഹി: രാജ്യത്തെ മുസ്ലീം സമൂഹം സുരക്ഷിതരാണെന്ന് ആർ എസ് എസ് സർ സംഘചാലക് മോഹൻ ഭാഗവത്. നാഗ്പൂരിലെ ആർ എസ് എസിന്റെ ഗ്രൂപ്പിന്റെ മൂന്നാം വർഷ ഓഫീസേഴ്സ് ട്രെയിനിംഗ് കോഴ്സിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മസ്ലീം ആരാധന രീതികൾ വ്യത്യസ്തമാണെങ്കിലും അവയ്ക്കെല്ലാം ഒരേ വേരുകളാണുള്ളത്. ഇസ്ലാം മതത്തിന് ഇന്ത്യയെക്കാൾ സുരക്ഷിതമായ സ്ഥലം വേറെ എവിടെയുണ്ടെന്നും അദ്ദേഹം ചോദിച്ചു.

നമ്മുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായതുകൊണ്ടാണ്ട് രാജ്യം വിഭജിക്കപ്പെട്ടത്. നമ്മളെല്ലാം വ്യത്യസ്തരാണ് നമ്മുടെ വിശ്വാസവും വ്യത്യസ്തമാണ്. എന്നാൽ നമ്മുടെയെല്ലാം മാതൃരാജ്യം ഭാരതമാണ്. ചരിത്രപരമായി ഇസ്ലാം മതം സ്പെയിനിൽ നിന്ന് മംഗോളിയയിലേയ്ക്ക് വ്യാപിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അവർ അവിടെ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ മതം പ്രചരിപ്പിക്കുന്നവർ ഇപ്പോൾ ഇല്ല. ഇന്ത്യയിലെ പൂർവികർ ഹിന്ദുക്കളായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയിൽ താമസിക്കുന്നവരിൽ ഹിന്ദുത്വത്തിന്റെ വേരുകൾ ഉണ്ട്. അതിനാൽ ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതിയുടെ പേരിലുള്ള ഭിന്നിപ്പും അനീതിയും നിലനിൽക്കുന്നുണ്ടെന്നും അത് തിരുത്താൻ നടപടികൾ കൈക്കെള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.